കര്‍ത്താവേ നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു. പര്‍വ്വതങ്ങള്‍ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിനു ‍മുമ്പെ, നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
സങ്കീര്‍ത്തനങ്ങള്‍ 90:1-2

നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ പലരും ജീവിച്ചിരുന്നു. എന്നാല്‍ അവരുടെതായ ചരിത്രരേഖകളോ ഛായാചിത്രങ്ങളോ ഒന്നും പിന്‍തലമുറക്കാരായ നമ്മുടെ കൈവശം ഇല്ല. നമുക്ക് അറിവായിട്ടുള്ള പാരമ്പര്യങ്ങളേയും വാമൊഴികളേയും ആശ്രയിച്ചാണ് ഈ കുടുംബചരിത്രം തയ്യാറാക്കിയിരിക്കുന്നത്. അതു കൊണ്ട് ഇതില്‍ കുറവുകളോ പിഴവുകളോ കണ്ടേക്കാം. അങ്ങനെ വല്ലതും ശ്രദ്ധയില്‍പ്പെട്ടാല്‍ ചുമതലപ്പെട്ടവരെ അറിയിച്ചാല്‍ ആ കുറവുകളും പിഴവുകളും അടുത്ത പ്രസിദ്ധീകരണത്തില്‍ ഇല്ലാതാക്കുവാന്‍ സാധിക്കും എന്നുള്ള കാര്യം ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ.

1795 – ഇല്‍ ‍‌ടിപ്പുവിന്റെ കാലത്തെ കലാപത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരില്‍ നിന്നും കള്ളിയാങ്കല്‍, വെള്ളിയാങ്കല്‍ കുടുംബത്തില്‍ പെട്ട രണ്ടു കൂട്ടര്‍ കോട്ടക്കാവില്‍ താമസമാക്കി. അവിടെ നിന്നും കുട്ടനാട്ടും പിന്നീട് പാത്താമുട്ടത്തും താമസമാക്കി. ഈ കുടുംബത്തില്‍ ഉള്‍പെട്ടവരുടെ പിന്‍തലമുറയില്‍ ഉള്‍പ്പെട്ടവരാണ് ഇട്ടിഐപ്പ് കുടുംബം[2] [3]. ചിലര്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. ശേഷിച്ചവര്‍ ഓര്‍ത്തഡോക്‍സ്‌ സഭാവിശ്വാസം സ്വീകരിച്ചു.

നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അന്ന് വരക് കൃഷിചെയ്തിരുന്ന സ്ഥലമായതിനാലാണ് വരകുകാലാ എന്ന പേര് ലഭിച്ചത്. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും ഉണ്ടായിരുന്നു. ഇവര്‍ വാകത്താനം സെന്റ്‌ ജോണ്‍സ് ഓര്‍ത്തഡോക്‍സ്‌ പള്ളി ഇടവകക്കാരുമായിരുന്നു. എന്നാല്‍ കാലക്രമേണ മൂന്ന് ആണ്‍മക്കളും മൂന്ന് ദേശങ്ങളില്‍ വാസം ഉറപ്പിച്ച് താമസമാക്കി. മൂന്നാമത്തെ മകനായ ഇട്ടിഐപ്പ് തോമായുടെ മൂന്നാമത്തെ മകനായ യോഹന്നാന്റെ (3.3) ഇളയമകനായ Dr. സി. ജെ. തോമസിന്റെ (തോമാച്ചന്‍) വലിയ ഒരു ആഗ്രഹമായിരുന്നു വരും തലമുറയ്ക്ക് ഒരു നിധിയായി ഒരു കുടുംബചരിത്രം തയ്യാറാക്കുക എന്നതും വര്‍ഷത്തില്‍ ഒരിയ്ക്കല്‍ കുടുംബയോഗം കൂടുക എന്നുള്ളതും. അങ്ങനെ തന്റെ ആഗ്രഹം ഇട്ടിഐപ്പ് തോമായുടെ മൂത്തമകന്‍ കൊച്ചുകുഞ്ഞിന്റെ കൊച്ചുമകനായ അനിയന്‍കുഞ്ഞിനോട് പറഞ്ഞു. ആ ആഗ്രഹത്തില്‍ നിന്നും രണ്ടുപേരും 2016 മേയ് 29ന് കുടുംബവിവരങ്ങള്‍ക്കായുള്ള യാത്ര തുടങ്ങുകയും വിവരങ്ങള്‍ ശേഖരിക്കുകയും വളരെ പെട്ടെന്നു തന്നെ അതിന്റെ ഫലം കിട്ടുകയും ചെയ്തു. ഈ പ്രയത്നത്തില്‍ എല്ലാ കാര്യങ്ങളിലും എല്ലാവരും സഹകരിച്ചു എന്നതില്‍ ഓരോ കുടുംബാംഗങ്ങള്‍ക്കും അഭിമാനിക്കാം. അതിന്‍ പ്രകാരം 2016 നവംബര്‍ 13-ആം തീയതി ഒരു കമ്മറ്റി രൂപീകരിക്കുവാന്‍ ദൈവകൃപയാല്‍ സാധിച്ചു.

ആദ്ധ്യാത്മിക വിഷയത്തിലും നമ്മുടെ കുടുംബങ്ങള്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു എന്നുള്ളതിന് യാതൊരു സംശയവുമില്ല. പൂര്‍വ്വപിതാക്കന്മാര്‍ പോയ ദേശങ്ങളില്‍ ആരാധനയ്ക്ക് പള്ളി പണിയുവാന്‍ മുന്‍കൈ എടുത്തതില്‍ നിന്ന് അത് നമുക്ക് മനസിലാക്കുവാന്‍ സാധിയ്ക്കും.

ഇട്ടിഐപ്പ് അക്കമ്മ ദമ്പതികളുടെ മൂത്തമകനായ ഇട്ടിഐപ്പ് (1) 1950ല്‍ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റ് പെരിന്തല്‍മണ്ണില്‍ കുടിയേറി പാര്‍ത്തു. ആ നാളുകളില്‍ അവിടെ ജനങ്ങള്‍ വളരെ കുറച്ചു മാത്രമാണ് ഉണ്ടായിരുന്നത്.അന്ന് അവിടെ മൂന്ന് വീട്ടുകാര്‍ മാത്രമായിരുന്നു.

  1. ഇട്ടിഐപ്പ് ഇട്ടിഐപ്പ്, കരോട്ടുവടക്കേതില്‍
  2. മാത്തന്‍, തുരുത്താമഠം, ഭാര്യാപിതാവ്
  3. വാടകശ്ശേരില്‍ ചാക്കോ, മാത്തന്റെ പെങ്ങളുടെ മകന്‍

ഇട്ടിഐപ്പ്ഇട്ടിഐപ്പ് പെരിന്തല്‍മണ്ണയില്‍ കുടിയേറിയപ്പോള്‍ അവിടെ ആദ്യമായി വന്നത് വാകത്താനം (സെന്റ് ജോണ്‍സ്) വികാരിയായിരുന്ന ബ:പള്ളിയടിയില്‍ ഫീലിപ്പോസ് അച്ചനായിരുന്നു. ‍ഒരു പള്ളിയോ ആരാധനയ്ക്കുള്ള സൗകര്യങ്ങളോ അന്ന് അവിടെ ഇല്ലായിരുന്നു. ഫീലിപ്പോസ് കത്തനാര്‍ പെരിന്തല്‍മണ്ണില്‍ വന്ന് വീടുകളെല്ലാം സന്ദര്‍ശിച്ചിരുന്നു. അന്ന് എല്ലാവരുടെയും പരാതി ആരാധനയ്ക്ക് ഒരു പള്ളി ഇല്ല എന്നതു മാത്രമായിരുന്നു. ഫീലിപ്പോസ് കത്തനാര്‍ അവരോട് സി. എസ്. ഐ. പള്ളിയില്‍ പോയി ആരാധനയില്‍ പങ്കുകൊള്ളണമെന്നു പറഞ്ഞു. അവര്‍ ഞായറാഴ്ച ദിവസങ്ങളില്‍ സി. എസ്. ഐ. പള്ളിയില്‍ ആരാധനയ്ക്ക് പോകുമായിരുന്നു. എന്നാല്‍ തിരുവത്താഴത്തില്‍ പങ്കെടുത്തിരുന്നില്ല. ആ സമയത്ത് കോഴിക്കോടാണ് ഒരു ഓര്‍ത്തഡോക്‍സ്‌ പള്ളി ഉണ്ടായിരുന്നത്. ഇട്ടിഐപ്പ് ഇട്ടിഐപ്പിന്റെ ഭാര്യാപിതാവായ മാത്തന്‍ അത്യാസന്നനിലയിലായതിനാല്‍ കോഴിക്കോട് ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ പോയി ബ: അലക്സാണ്ടര്‍ അച്ചനെ കാണുകയും വിവരം ധരിപ്പിക്കുകയും ചെയ്തു. അച്ചന്‍ വന്നു ശ്രീ മാത്തന്റെ വീട്ടില്‍ ഒരു മുറി ശുദ്ധീകരിച്ചു അവിടെ കുര്‍ബാന അര്‍പ്പിച്ചു മാത്തനു കൊടുക്കുകയും, അന്ത്യകൂദാശ നടത്തുകയും ചെയ്തു. മാത്തന്‍ മരിച്ചപ്പോള്‍ കോഴിക്കോട് പള്ളിയുടെ ശ്മശാനത്തില്‍ അടക്കംചെയ്തു. വീണ്ടും ബ: അലക്സാണ്ടര്‍ അച്ചന്‍ വന്നു ഇട്ടിഐപ്പിന്റെ വീട്ടുസ്ഥലത്ത് ഒരു പന്തല്‍ ഇട്ടു വി. കുര്‍ബാന അര്‍പ്പിച്ചു എല്ലാവര്‍ക്കും കുര്‍ബാന കൊടുത്തു. പിന്നീട് ഇട്ടിഐപ്പും മാത്തന്റെ മകന്‍ സ്കറിയായും മാത്തന്റെ പെങ്ങളുടെ മകന്‍ ചാക്കോയും ചേര്‍ന്ന് ഒരു ഏക്കര്‍ സ്ഥലം പള്ളി പണിയ്ക്ക് കൊടുക്കുകയും അവിടെ 6 തൂണ്‍ നാട്ടി മണ്ണ് കൊണ്ട് അരഭിത്തിയുണ്ടാക്കി, പനമ്പ് കൊണ്ടു മറച്ച്, ഓല മേഞ്ഞ് ഒരു ചാപ്പല്‍ ഉണ്ടാക്കി. അവിടെ മാസത്തില്‍ ഒരു ശനിയാഴ്ച അച്ചന്‍ കോഴിക്കോട് നിന്ന് വന്ന് ഇട്ടിഐപ്പിന്റെ വീട്ടില്‍ താമസിച്ചു രാവിലെ കുര്‍ബാന ചൊല്ലി തിരികെ കോഴിക്കോടിന് പോകുമായിരുന്നു. ഈ കാലയളവിലും തുടര്‍ന്ന് വളരെക്കാലവും ഇട്ടിഐപ്പ് ഇട്ടിഐപ്പിന്റെ മൂത്തമകന്‍ ജോസഫ്‌ കൈവെപ്പ് പ്രാപിച്ച് മദബഹയില്‍ ശുശ്രൂഷിച്ചിരുന്നു. ഈ ചാപ്പല്‍ ഇരുന്ന സ്ഥലം മെയിന്‍ റോഡില്‍ നിന്ന് കുറച്ചു ദൂരെയായിരുന്നു. ഒരു ചെറിയ വഴി മാത്രമാണ് അങ്ങോട്ട്‌ ഉണ്ടായിരുന്നത്. ഇടവകയില്‍ ആളുകള്‍ കൂടിവരുകയും ഒരു ഞായറാഴ്ച എങ്കിലും വി. കുര്‍ബാന വേണമെന്ന് ഇടവകാംഗങ്ങളില്‍ ആഗ്രഹമുണ്ടാവുകയും ചെയ്തു. പിന്നീട് സ്ലീബാദാസന്‍ റ്റി. ജി. കുറിയാക്കോസ് കത്തനാര്‍ ഞായറാഴ്ചകളില്‍ നിലമ്പൂരില്‍ നിന്ന് വന്ന് ഇട്ടിഐപ്പ് ഇട്ടിഐപ്പിന്റെ വീട്ടില്‍ താമസിച്ചു വി. കുര്‍ബാന അര്‍പ്പിച്ചു പോന്നു. അതിനു ശേഷം ഇട്ടിഐപ്പിന്റെ സ്ഥലത്ത് ആദ്യം പന്തലിട്ട സ്ഥലത്ത് മെയിന്‍ റോഡ്‌ സൈഡില്‍ ഒരു പള്ളി പണിതു. ഈ പള്ളിയ്ക്ക് മലയാളമനോരമ എസ്റ്റേറ്റിന്റെ ശ്രീ മാമ്മന്‍ വറുഗീസ് (തമ്പാച്ചന്‍) വളരെ അധികം സഹായം ചെയ്തു. ചാപ്പല്‍ നിന്ന സ്ഥലം, ചാപ്പലിനോപ്പം പള്ളിയുടെ ശ്മശാനവുമായി തീര്‍ന്നു.

കാലക്രമേണ പള്ളിയില്‍ ഇടവകാംഗങ്ങള്‍ വര്‍ദ്ധിക്കുകയും പള്ളിയില്‍ വരുവാനുള്ള സൌകര്യാര്‍ത്ഥം പള്ളി ടൌണില്‍ തന്നെ വേണമെന്ന് തീരുമാനിക്കുകയും, പെരിന്തല്‍മണ്ണ് ചേലംകുന്നില്‍ സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്‍സ്‌ പള്ളി പണിയുകയും ചെയ്തു. പുതിയ പള്ളി പണിയുമ്പോള്‍ ഇട്ടിഐപ്പിന്റെ സ്ഥലത്തുണ്ടായിരുന്ന ആദ്യ പള്ളി പൊളിയ്ക്കില്ല എന്ന ഉറപ്പു മാനിക്കാതെ പിന്നീട് അധികാരത്തില്‍ വന്നവര്‍, പള്ളിയ്ക്ക് സ്ഥലം കൊടുത്ത പിതാക്കന്മാരുടെ കുടുംബത്തിലെ എല്ലാവരുടേയും ഹൃദയത്തിന് മുറിവേല്‍പ്പിച്ചുകൊണ്ട്‍, ആദ്യ പള്ളി പൊളിച്ചത് ഇട്ടിഐപ്പ് ഇട്ടിഐപ്പിനും കുടുംബത്തിനും വളരെയധികം മനോവിഷമത്തിനും മനോവേദനയ്ക്കും കാരണമായി തീര്‍ന്നു. ഈ പള്ളി പൊളിച്ച സ്ഥലത്ത് ഇപ്പോള്‍ ഒരു കുരിശടി മാത്രമാണുള്ളത്. ബാക്കി സ്ഥലങ്ങള്‍ കാട് പിടിച്ച് കിടക്കുന്നു. 1955 മേയ് 20ന് ഇട്ടിഐപ്പ് ഇഹലോകവാസം വെടിഞ്ഞു. ഈ പിതാവ് മരിയ്ക്കുമ്പോള്‍ 85 വയസായിരുന്നു.

ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായ ഇട്ടിഐപ്പ് ചെറിയാന്‍ (2) പാത്താമുട്ടത്തു തന്നെ താമസിച്ചു. ഈ പിതാവിന്റെ പിന്‍തലമുറക്കാര്‍ ഇപ്പോഴും ഇട്ടിഐപ്പ് ചെറിയാനു കിട്ടിയ പിതൃസ്വത്തില്‍ തന്നെ താമസിക്കുകയും, വാകത്താനം സെന്റ്‌ ജോണ്‍സ് പള്ളിയില്‍ കൂടിവരികയും ചെയ്യുന്നു.

ഇട്ടിഐപ്പ് അക്കമ്മ ദമ്പതികളുടെ ഇളയമകനായ ഇട്ടിഐപ്പ് തോമാ (3) ചെറുപ്പത്തില്‍ തന്നെ മാമുണ്ട ദേശത്ത് വന്നു താമസിച്ചിരുന്നു. അന്ന് ഈ പിതാവിന്റെ ഇടവക ചെങ്ങരൂര്‍ സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്‍സ്‌ പള്ളി ആയിരുന്നു. ഞായറാഴ്ചകളില്‍ കിലോമീറ്ററോളം നടന്ന് പള്ളിയില്‍ ആരാധനയ്ക്ക് പോകുക പതിവായിരുന്നു. എന്നാല്‍ തങ്ങള്‍ക്കും അടുത്ത് ഒരു പള്ളി വേണമെന്ന് ഒരു ആഗ്രഹം ഉണ്ടായി. അതിന്‍പ്രകാരം പ്രാര്‍ത്ഥിക്കുകയും ആലോചിക്കുകയും ചെയ്തു. അങ്ങനെ 1937ല്‍ ചരിവുപുരയിടം പടിഞ്ഞാറേകൂറ്റ് ഇട്ടിഐപ്പ് തോമായും മറ്റു മൂന്ന് പേരും കൂടി, തലക്കുളം പ്രമാണിയായിരുന്ന കുട്ടപ്പന്‍ കൈമള്‍ ‍നിന്ന് ഒരേക്കര്‍ സ്ഥലം വാങ്ങിക്കുകയും അവിടെ ഒരു ചെറിയ പള്ളി സ്ഥാപിക്കുകയും ചെയ്തു. അന്ന് പള്ളി പണിതത് പൂര്‍വ്വപിതാവായ ഇട്ടിഐപ്പ് തോമായും കൂട്ടരുമാണ്. ഇട്ടിഐപ്പ് തോമാ തന്റെ ശാരീരിക അസ്വാസ്ഥ്യം വകവെയ്ക്കാതെയാണ് പണിയെടുത്തിരുന്നത്. പള്ളിയ്ക്ക് തറകെട്ടി തറമണ്ണിട്ട്‌ ഉറപ്പിക്കുന്ന സമയത്ത് പനിയുണ്ടായിരുന്നു. പനി വകവെയ്ക്കാതെ പണിതതിനാല്‍ പനി കൂടി നിമോണിയ ആയി. ആ സമയത്ത് പള്ളിപണി ഒന്നും തന്നെ ആയിരുന്നില്ല. അതിനാല്‍‍‍ തന്റെ മൂന്നാമത്തെ മകനായ യോഹന്നാനെ വിളിച്ചു പള്ളിപണിയുടെ കാര്യങ്ങള്‍ തനിക്കുവേണ്ടി ചെയ്യാന്‍ ഏല്‍പ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം ഇട്ടിഐപ്പ് തോമാ ഇഹലോകവാസം വെടിഞ്ഞു. ഇട്ടിഐപ്പ് തോമായുടെ എല്ലാമക്കളും കൂടി സഹകരിച്ച് പള്ളിപണി പൂര്‍ത്തിയാക്കി.

അന്ന് ഈ പള്ളിയ്ക്ക് ശിലയിട്ടതും പ്രഥമവികാരിയും ആയിരുന്നത് വട്ടശ്ശേരി പോയ്ക്കുടിയില്‍ യാക്കോബ് കത്തനാരാണ്. ഈ തലക്കുളം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ പള്ളി മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ നിരണം ഭദ്രാസനത്തിന്റെ കിഴക്കന്‍ മേഖലയില്‍ പെട്ട പ്രധാന പള്ളികളില്‍ ഒന്നാണ്.

കാര്‍ഷിക രംഗത്തും നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ ഒട്ടും പുറകിലല്ലായിരുന്നു. വിശേഷാല്‍ നന്നേ ചെറുപ്പത്തില്‍ മാമുണ്ട ദേശത്ത് തന്റെ മൂത്ത സഹോദരിയുടെ സഹായത്തിനു വന്ന ഇട്ടിഐപ്പ് തോമാ അദ്ധ്വാനിച്ചും കൃഷി ചെയ്തും തന്റെ ഏഴു ആണ്‍മക്കള്‍ക്കുള്ള സ്വത്ത് സമ്പാദിക്കുകയും നാല് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചു അയയ്ക്കുകയും ചെയ്തു എന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്നതാണ്.

Dr. സി. ജെ. തോമസ്‌ ഇങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിച്ചില്ലായിരുന്നെങ്കില്‍ ഇന്നും നമ്മുടെ കുടുംബചരിത്രവും കുടുംബയോഗവും വെറും ഒരു പാഴ് കിനാവായി അവശേഷിക്കുമായിരുന്നു എന്നതിന് ഒരു സംശയവുമില്ല.

ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികളുടെ മൂന്ന് ആണ്‍മക്കളും പിന്‍തലമുറക്കാരും മൂന്ന് സ്ഥലങ്ങളില്‍ താമസിക്കുന്നു. മൂത്തപുത്രനെ കരോട്ടു വടക്കേതില്‍ എന്ന വീട്ടുപേരിലും, രണ്ടാമത്തെ പുത്രനെ വരകുകാലായില്‍ എന്ന വീട്ടുപേരിലും, ഇളയപുത്രനെ പടിഞ്ഞാറേകൂറ്റ് ചരിവുപുരയിടം എന്ന വീട്ടുപേരിലും ആണ് അറിയപ്പെടുന്നത്. അതുകൊണ്ട് നമ്മുടെ കുടുംബത്തെ “ഇട്ടിഐപ്പ് കുടുംബം” എന്ന് നാമകരണം ചെയ്യുന്നു.

നമുക്ക് ഈ ചരിത്രവിവരങ്ങള്‍ കണ്ടെത്താന്‍ സഹായിച്ച എല്ലാവരെയും ഈ സമയം ഓര്‍ക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വിശേഷാല്‍ മലബാറിനു പോയ ഇട്ടിഐപ്പിന്റെ കുടുംബത്തെ കണ്ടെത്താന്‍ സഹായിച്ച മലബാര്‍ ഓര്‍ത്തഡോക്‍സ്‌ അരമനയിലെ സെക്രട്ടറി ആയിരിക്കുന്ന റവ. ഫാദര്‍ വി. വി. മാത്യൂസ്‌ അച്ചനേയും, പെരിന്തല്‍മണ്ണ് ഓര്‍ത്തഡോക്‍സ്‌ പള്ളി വികാരി പി. എസ്. തോമസ്‌ അച്ചനേയും ഈ സമയം നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

അന്തമില്ലാത്ത പ്രയാസങ്ങളും കഷ്ടനഷ്ടങ്ങളും നേരിടേണ്ടി വന്നിട്ടും ദൈവം തന്റെ കൃപയാല്‍ നമ്മുടെ ശ്രേഷ്ഠമായ പാരമ്പര്യത്തെ നിലനിര്‍ത്താന്‍ സഹായിച്ച ദൈവത്തെ നമുക്ക് സ്തുതിക്കാം.

നമ്മില്‍ നിന്ന് മണ്‍മറഞ്ഞ എല്ലാ മാതാപിതാക്കന്മാരുടെയും സഹോദരീസഹോദരങ്ങളുടെയും കുഞ്ഞുങ്ങളുടേയും പാവനസ്മരണയ്ക്ക് മുമ്പില്‍ ഈ ഗ്രന്ഥം സമര്‍പ്പിച്ചുകൊള്ളുന്നു.

ഇട്ടിഐപ്പ് കുടുംബകമ്മിറ്റിയ്ക്കു വേണ്ടി,

പ്രസിഡന്റ് സെക്രട്ടറി
Capt. പി. വി. കുരുവിള (3.2.1) ശ്രീ: പി. ഐ. ഏബ്രഹാം(3.1.4)

[2] കള്ളിയാങ്കല്‍ കുടുംബത്തിന്റെ ശാഖയായ മാറാട്ടുകുളം കുടുംബവുമായിട്ടുള്ള ഇട്ടിഐപ്പ് കുടുംബത്തിന്റെ തലമുറബന്ധം ഇട്ടിഐപ്പിന്റെ (1) കൊച്ചുമകനായ കുഞ്ഞില്‍ (1.1.1) നിന്ന് വാമൊഴിയായി ലഭ്യമാണ്. നമ്മുടെ പൂര്‍വപിതാവായ ഇട്ടിഐപ്പിനെ, ചങ്ങനാശ്ശേരി മാറാട്ടുകുളത്തെ അപ്പന്റെ മരണശേഷം, അമ്മ എടുത്തുകൊണ്ടു പാത്താമുട്ടത്തു വന്നു താമസമാക്കിയതാണ് എന്ന് ഇട്ടിഐപ്പ് അപ്പച്ചന്‍ പറഞ്ഞതായി കൊച്ചുമകനായ ജോസഫ്‌ കെ. ഇ. (കുഞ്ഞ് (1.1.1)) ഓര്‍ക്കുന്നുണ്ട്.

[3] ഇതിന് ഉപോദ്ബലകമായ വാമൊഴി ഇട്ടിഐപ്പ് തോമായുടെ കൊച്ചുമകനായ സി. റ്റി. ജോണില്‍ (അനിയന്‍ (3.4.2)) നിന്നും ലഭ്യമാണ്. അനിയന്‍ 1967-69 വര്‍ഷങ്ങളില്‍ ചങ്ങനാശ്ശേരി S.B. കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍, പ്രൈവറ്റ് ബസ്‌ സ്റ്റാന്റിനു എതിര്‍വശത്തുള്ള, നമ്മുടെ ബന്ധു എന്ന് സ്വപിതാവ് പരിചയപ്പെടുത്തിയ, മാറാട്ടുകുളത്തെ സ്കറിയ അപ്പച്ചന്റെ സോഡാ കടയില്‍ പാഠ്യേതര സമയങ്ങള്‍ ചിലവഴിക്കുമായിരുന്നു. പാറേല്‍പള്ളി കുരിശടിക്ക് ഇടതുവശത്ത്, അന്നുണ്ടായിരുന്ന പാറകള്‍ക്ക് മുന്‍പുള്ള വീട്ടില്‍ താമസിച്ചിരുന്ന സ്കറിയാ അപ്പച്ചന്റെ അടുത്തും, സ്കറിയ അപ്പച്ചന്റെ സഹോദരനായ (cousin) കുരുമുളക് മൊത്തവ്യാപാരിയായ മാറാട്ടുകുളത്തെ അപ്പച്ചന്റെ കടയിലും, അനിയന്‍ തന്റെ യൌവനകാലത്ത് നടത്തിയ സന്ദര്‍ശനങ്ങള്‍, അനിയന്‍ തന്റെ ഓര്‍മ്മചെപ്പില്‍ നിന്നും വീണ്ടെടുത്തത് ഈവഴിക്കുള്ള ഭാവി അന്വേഷണങ്ങള്‍ക്ക് കരുത്തു പകരുന്നതാണ്.