ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തോലന്മാരില്‍ ഒരാളായ സെന്റ്‌ തോമസ്‌ പ്രേഷിത പ്രവര്‍ത്തങ്ങള്‍ക്കായി എ ഡി 52 ല്‍ കേരളത്തിലെ കൊടുങ്ങല്ലൂരില്‍ എത്തി. കേരളത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി ഏഴു പള്ളികള്‍ രൂപം കൊണ്ടു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്(പറവൂര്‍), കോക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കല്‍(ചായല്‍) എന്നിവിടങ്ങളിലാണ് ഈ പള്ളികള്‍ അഥവാ സഭകള്‍. നാഗര്‍കോവിലിനടുത്തു തിരുവിതാംകോട് എന്ന സ്ഥലത്തും അദ്ദേഹം പ്രവര്‍ത്തിച്ച് ഒരു ചെറിയ പ്രാദേശിക സഭ ഉണ്ടായി. ഇതുള്‍പ്പടെ “ഏഴരപ്പള്ളികള്‍” എന്ന ധാരണയാണ് സഭാചരിത്രങ്ങള്‍ നല്‍കുന്നത്. പള്ളികള്‍ എന്ന പ്രയോഗം കൊണ്ടു ഇന്ന് കാണുന്നതുപോലെയുള്ള ദേവാലയങ്ങള്‍ സെന്റ്‌ തോമസ്‌ പണിതുയര്‍ത്തി എന്ന് കരുതേണ്ടതില്ല. കോണ്‍ഗ്രിഗേഷന്‍സ് എന്നാണ് സഭാചരിത്രങ്ങള്‍[Ref: മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭാവിജ്ഞാനകോശം, മാര്‍ത്തോമ്മാ ശ്ലീഹ] വെളിപ്പെടുത്തുന്നത് .

കേരളത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി രൂപം കൊണ്ട വിശ്വാസസമൂഹം മാര്‍ത്തോമ്മ ക്രിസ്ത്യാനികള്‍ എന്ന പേരിലാണ് ചരിത്ര രേഖകളില്‍ അറിയപ്പെടുന്നത്. മാര്‍ത്തോമ്മാശ്ലീഹാ നിലയ്ക്കല്‍ വഴി (ഇന്ന് പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കില്‍) തമിഴ്‌നാട്ടിലേക്കു പോയി. എ. ഡി. 72 ല്‍ ചെന്നെയിലെ മൈലാപ്പൂരില്‍ രക്തസാക്ഷിത്വം വരിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും മാര്‍ത്തോമ്മാശ്ലിഹയുടെ പ്രവര്‍ത്തനഫലമായി ശക്തമായ ക്രൈസ്തവസമൂഹങ്ങള്‍ നിലവില്‍ വന്നു. മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവീകത നിരണം, നിലയ്കല്‍ എന്നീ സമൂഹങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

കേരളത്തിലെ കുടുംബയോഗങ്ങളുടെ ചരിത്രം വിലയിരുത്തുമ്പോള്‍ കൊടുങ്ങല്ലൂര്‍, കുറവിലങ്ങാട്‌, കടുത്തുരുത്തി തുടങ്ങിയ ക്രൈസ്തവകേന്ദ്രങ്ങള്‍ പിന്നീട് കേരളത്തിന്റെ നാനാഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് കാണാം. ഇന്നത്തേതുപോലുള്ള കുടുംബയോഗ സംവിധാനങ്ങള്‍ ഉണ്ടായിട്ടു രണ്ടു നൂറ്റാണ്ടുകള്‍ പോലും ആയിട്ടില്ല. കുടുംബയോഗസംവിധാനങ്ങള്‍ വളരെ പ്രയോജനകരമാണ്. വ്യക്തികളില്‍ നിന്നും വ്യക്തികള്‍ അകന്നുമാറുന്ന, കുടുംബബന്ധങ്ങള്‍ പോലും വിസ്മരിക്കപ്പെടുന്ന ഒരു കാലമാണിത്. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ചൈതന്യം എന്നത് കൂട്ടായ്മ (ഫെല്ലോഷിപ്പ് അ: പ്ര 2.42) ആണ്. ഈ കൂട്ടായ്മയിലേക്ക് വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി ചേര്‍ത്തു നിര്‍ത്തുന്ന സംവിധാനമാണ്.

കുടുംബയോഗം പരസ്പരം യോജിപ്പിക്കുന്ന സാമൂഹിക ദര്‍‍ശനം ആണ്. ഇത് സഹകരണത്തിന്റെയും ശാക്തികരണത്തിന്റേയും കരുതലിന്റേയും പ്രേഷിതത്വത്തിന്റേയും വേദിയാണ്. കാണാതെ പോയതിനെ കണ്ടെത്തുവാനും ഈ വേദി ഉപകരിക്കും. മറ്റുള്ളവരെ തേടുവാന്‍ പ്രേരിപ്പിക്കുന്ന സ്നേഹസന്ദേശമാണ് ഇവിടെ നിന്നും ഉയരുക.

“അതു നിമിത്തം ഞാന്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല കുടുംബത്തിനും പേര്‍ വരുവാന്‍ കരണമായ പിതാവിന്റെ സന്നിധിയില്‍ മുട്ടുകുത്തുന്നു.” എന്ന് ധന്യനായ പൌലോസ് ശ്ലിഹയുടെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു (എഫെസ്യര്‍ 13: 14 – 15). ഭൂമിയില്‍ മാത്രം പോരാ, സ്വര്‍ഗ്ഗത്തിലും അഭിമാനകരമായ പേര് നമ്മുടെ ഓരോ കുടുംബങ്ങള്‍ക്കും ഉണ്ടാവണം. അതാണ്‌ ക്രിസ്തുവിന്റെ ദര്‍ശനം. ഈ ദര്‍ശനത്തില്‍ നിലനില്‍ക്കുവാന്‍ ഓരോ ക്രൈസ്തവ കുടുംബങ്ങള്‍ക്കും സാധിക്കണം. അതിനുള്ള പ്രബോധനവും ആഹ്വാനവും പരിശീലനവും കുടുംബയോഗങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കണം. ആത്മീയവും ധാര്‍മ്മീകവും സാന്മാര്‍ഗ്ഗീകവുമായ മൂല്യങ്ങള്‍ പരിരക്ഷിക്കുവാനുള്ള പ്രചോദനമായി കുടുംബയോഗങ്ങള്‍ തീരണം.

കൊടുങ്ങല്ലൂരും കൊട്ടയ്കാവും (പറവൂര്‍) പുളിങ്കുന്നും പിന്നിട്ട് വള്ളിയാങ്കല്‍ കുടുംബവഴിയിലെ വാകത്താനം പാത്താമുട്ടത്തെ ഇട്ടിഐപ്പ് കുടുംബത്തിന്റെ പ്രഥമ ചരിത്രമാണ് ഈ ഗ്രന്ഥത്തിലൂടെ ഇപ്പോള്‍ പ്രകാശിതമാകുന്നത്. 1795 ല്‍ ഹൈദരാലിയുടെ മകന്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തെ തുടര്‍ന്ന് കൊടുങ്ങലൂരില്‍ ‍നിന്നും പറവൂരില്‍ നിന്നും ഓടിപോയ രണ്ടു കുടുംബങ്ങളാണ് കാളിയാങ്കലും വള്ളിയാങ്കലും. വളരെ ശ്രമകരമായ ഒരു സദുദ്യമം തന്നെയാണ് “ശൂന്യത”യില്‍ നിന്നും രൂപപ്പെടുന്നത് എന്ന് വിശേഷിപ്പിക്കാം. കുടുംബയോഗം രൂപീകരണം, കുടുംബയോഗം ചരിത്രം രൂപരേഖ, ഇവയ്ക്കെല്ലാം അനിവാര്യമായ യാതൊരു ലിഖിത രൂപങ്ങളും മുന്നില്‍ കാണാതെ ഒരു ദൈവനിയോഗത്തിന് വിധേയപ്പെട്ടതുപോലെയുള്ള തുടക്കമാണ് ഇന്നിപ്പോള്‍ ഒരു ചരിത്രമായി രൂപപ്പെടുന്നത്. അക്കാരണത്താല്‍ തന്നെ ഇത് ഒരു അത്ഭുതമാണ്. ചരിത്രരചനയുടെ നിര്‍ദ്ദേശിക്കപ്പെട്ട രീതിശാസ്ത്രം (Methodology) അനുസരിച്ച് തെളിവുകളുടെ പ്രഥമ ശ്രോതസിനെ ആശ്രയിക്കുവാന്‍ ഇവിടെ കഴിഞ്ഞിട്ടില്ല എന്നതു വ്യക്തം. ദ്വിതീയ ശ്രോതസാണ് ഇതിന്റെ രചനയില്‍ ആശ്രയിച്ചു കാണുന്നത്. ഈ ഒരു പ്രശ്നം കേരളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മിക്കവാറും എല്ലാ കുടുംബചരിത്രങ്ങളുടെയും രചയിതാക്കള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുത മറച്ചുപിടിക്കുന്നില്ല.

ഈ മഹാപ്രയത്നത്തിന് തുടക്കം കുറിയ്ക്കുവാന്‍ നിയോഗം ലഭിച്ചത് ഈ സമൂഹത്തില്‍ ഏറെ ആദരണീയനായ Dr. സി. ജെ. തോമസിനാണ്. ആലുവാ യു. സി. കോളേജില്‍ പ്രഫസറായും പിന്നീട് പ്രിന്‍സിപ്പലായും സേവനം അനുഷ്ടിച്ച് സ്വന്തം നാട്ടില്‍ തിരിച്ചെത്തി വിശ്രമജീവിതം നയിക്കുന്ന അദ്ദേഹം ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. നേരിന്റെ ഉള്‍ക്കാഴ്ചയുമായി ജീവിക്കുന്ന ഈ പണ്ഡിതശ്രേഷ്ഠന്‍ തനിക്കു ലഭിച്ച ദര്‍ശനവും നിയോഗവും കുടുംബാംഗവും അത്യുല്‍സാഹിയുമായ ഫിലിപ്പ് തോമസും (അനിയന്‍കുഞ്ഞ്) ആയി പങ്കുവെച്ചു. അവര്‍ ഇരുവരും ചരിത്രരചനയ്ക്ക് ആവശ്യമായ വിവരങ്ങള്‍ തേടി ചരിത്രവഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. നിരവധി കുടുംബങ്ങളെ കൂട്ടിചേര്‍ക്കുവാന്‍ കഴിഞ്ഞു. ഒത്തിരി ഒത്തിരി യാത്രകള്‍ ചെയ്തു. ഏറെ കഷ്ടവും ത്യാഗവും സഹിക്കേണ്ടി വന്നു. ഇത്രയും കാര്യങ്ങള്‍ അവര്‍ ഇതിനോടകം സാധ്യമാക്കി. കുടുംബചരിത്രത്തിനു ഒരു രൂപമായി. ചീഫ്‌ എഡിറ്റര്‍ ലീലാമ്മ മാത്യുവിന്റെ കര്‍ട്ടനു പിന്നില്‍ ഇരുന്നുള്ള പ്രചോദനവും പ്രോത്സാഹനവും പരിശ്രമവും ശ്ലാഘനീയം തന്നെ.

കുടുംബചരിത്രം ഇത്രത്തോളം മനോഹരമാക്കി കുടുംബാംഗങ്ങളുടെ കരങ്ങളില്‍ സമര്‍പ്പിക്കുവാന്‍ കഴിഞ്ഞതില്‍ ഈ മുന്നണി പ്രവര്‍ത്തകരെ ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു. അവര്‍ മുന്നേ നടന്നു കാട് വെട്ടി തെളിച്ചവരാണ്. മുള്ളും പറക്കാരയും കാട്ടുകല്ലുകളും മാറ്റി പാത തീര്‍ത്തിട്ടുണ്ട്. ഇനി പിന്നാലെ വരുന്നവര്‍ പാത കൂടുതല്‍ പ്രയോജനകരമാക്കണം. ആ പ്രവൃത്തി ഇനി ഉള്ളവര്‍ സസന്തോഷം ഏറ്റെടുക്കട്ടെ. വിട്ടുപോയ കണ്ണികള്‍ കണ്ടെത്തി ഇണക്കി ചേര്‍ക്കട്ടെ. “ഇട്ടിഐപ്പ് കുടുംബ”ത്തിലെ എല്ലാ കുടുംബാംഗങ്ങളേയും ചരിത്രഗ്രന്ഥകമ്മറ്റി അംഗങ്ങളേയും ഈ നല്ല പ്രയത്നത്തിന്‌ തുടക്കം കുറിച്ച മുന്നണി പ്രവര്‍ത്തകരേയും “സകല കുടുംബങ്ങള്‍ക്കും പേര്‍ വരുവാന്‍ കാരണമായ” ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ആശംസകളോടെ

വിനയപൂര്‍വ്വം,
നെടുങ്ങാടപ്പള്ളി P. O. ജെ. സി. ദേവ്.
കോട്ടയം 686545
10-3-2017 Mob: 9961700465